Monday, July 11, 2011

പടികള്‍-5

. ചുംബിച്ച്‌ ഉമ്മ മുറി വിട്ടിറങ്ങിപ്പോയി .. .
കുറച്ച്‌ കഴിഞ്ഞ്‌ സഹിദ്‌ കടന്നു വന്നു. ഗോപീ നമുക്കൊരിടം വരെ പോകണം വേഗം റെഡിയാവ്‌. ഒരാവേശത്തില്‍ സഹിദിനൊപ്പം വേഗത്തില്‍ നടന്നു. പി.വി. എസ്‌. ഹോസ്പിറ്റലിനു മുന്‍പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എന്റെ അമ്പരപ്പ്‌ കണ്ടാവാം സഹിദ്‌ പറഞ്ഞു വേഗം വാ . . . മുറിയില്‍ എന്റെ അമ്മ ബോധമില്ലാതെ തളര്‍ന്നു കിടക്കുകയായിരുന്നു. എന്നെ കണ്ടതും ചേച്ചി കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞു. എന്തേ മോളെ നിനക്കിങ്ങനെ തോന്നാന്‍! ഒരു കുറ്റവാളിയെപ്പോലെ നില്‍ക്കുകയായിരുന്ന സഹിദിന്റെ കൈപിടിച്ച്‌ ഗോവിന്ദേട്ടന്‍ വരാന്തയിലേയ്ക്ക്‌ നടന്നു. ഗോപീ നീ ഇറങ്ങിയ ഉടനെ അമ്മ ഞങ്ങള്‍ക്ക്‌ ഫോണ്‍ ചെയ്തു. ഗോപി സഹിദിന്റെ കൂടെ ഇറങ്ങിപ്പോയെന്നും അവള്‍ക്ക്‌ വേണ്ടതെല്ലാം ചെയ്തുകൊടുക്കണമെന്നും പറഞ്ഞു. അമ്മയുടെ സംസാരത്തിലെ അസ്വാഭാവികത കണ്ടാണ്‌ ഞാനും ഏട്ടനും വേഗം പോയത്‌. വീട്‌ തുറന്നു കിടക്കുകയായിരുന്നു. അമ്മ ബോധമില്ലാതെ ഹോളിലും. പിന്നെ വേഗം ഇവിടേയ്ക്ക്‌ കൊണ്ടുവന്നു. ഇടയ്ക്ക്‌ ഉച്ചയ്ക്ക്‌ ബോധം തെളിഞ്ഞിരുന്നു. അപ്പോഴും നിന്നെ വേദനിപ്പിക്കരുതെന്നാണ്‌ അമ്മ പറഞ്ഞത്‌. കാണാന്‍ അച്ഛനെപ്പോലെ
തന്നെയായ നിന്നെ അമ്മ ഒരുപാട്‌ സ്നേഹിച്ചിരുന്നു.
5 ദിവസം കഴിഞ്ഞാണ്‌ അമ്മയെ ഡിസ്ചാര്‍ജ്ജ്‌ ചെയ്തത്‌. അമ്മടോയൊപ്പം
ഞാന്‍ എന്റെ വീട്ടിലേയ്ക്ക്‌ തന്നെ പോന്നു. ഡോക്ടര്‍ പ്രത്യേകം പറഞ്ഞു അമ്മയെ വേദനിപ്പിക്കുന്നതൊന്നും ചെയ്യരുതെന്ന്‌ . . .അതിനാല്‍ തന്നെ പിന്നീടൊരിയ്ക്കലും
എന്റെ വീടിന്റെ പടികള്‍ ഇറങ്ങി ഞാന്‍ സഹിദിനൊപ്പം പോയില്ല. ഭാര്യയെന്ന നിലയില്‍ എന്നെ വിളിയ്ക്കാന്‍ സഹിദും . . . കോളേജില്‍ കാണുന്നു, മറ്റു സഹപ്രവര്‍ത്തകരെപ്പോലെ . . ഇന്ന്‌ എന്റെ കൂടെ അമ്മയില്ല 8 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അമ്മ മരിച്ചു, എന്നെയോര്‍ത്ത്‌ വേദനിച്ചുകൊണ്ടു തന്നെ. ഉമ്മ ഏറെ നിര്‍ബന്ധിച്ചു സഹിദിനൊപ്പം ജീവിയ്ക്കാന്‍ പക്ഷേ അപ്പോഴേയ്ക്കും ഇങ്ങിനെ ഒറ്റയ്ക്കു ജീവിക്കാന്‍ ഞാന്‍ മനസ്സിനെ പ്രാപ്തയാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഒരു ആക്സിഡന്റ്‌ സഹിദിന്റെ ജീവനെടുത്തപ്പോഴും നിസ്സംഗയായി ഇവിടെ ഇരിയ്ക്യാനാണ്‌ എനിക്ക്‌ തോന്നിയത്‌, കാരണം സഹിദിനുവേണ്ടി ഈ പടികള്‍ ഇറങ്ങില്ലെന്ന്‌ ഞാനെന്റെ മനസ്സിനോട്‌ പറഞ്ഞതല്ലേ

പടികള്‍-4

 ഇന്തെന്താ ഓക്ക്‌ പറ്റ്യേ! ഒന്നും കഴിച്ചില്ല എന്നെത്തെപോലുളള കളിം ചിരീം ഒന്നുംല്യാ. സഹിദ്‌ എന്നെ നോക്കി എനിയ്ക്കൊന്നും പറയാനില്ലായിരുന്നു. ഞാന്‍ പതിയെ എഴുനേറ്റു ഒരു ഏറ്റുപറച്ചിലെന്നോണം ഉമ്മയോടു പറഞ്ഞു. "ഉമ്മാ ഇനി ഈ വീടും ഉമ്മാടെ മോനെയും വിട്ട്‌ ഗോപി എങ്ങും പോകുന്നില്ല". ഒന്നും മനസ്സിലാവാതെ ഒരു നിമിഷം നിന്ന ഉമ്മ പെട്ടെന്ന്‌ സഹിദിനോട്‌ കയര്‍ത്തു. . . എന്തു പണിയാ നീയാ ടീച്ചറോട്‌ കാണിച്ചേ . . . തിന്നചോറിന്‌ നന്ദിയില്ലാത്തവനേ . . ആ ടീച്ചറാണ്‌ ഇത്രയും കാലം നിന്നെ പഠിപ്പിച്ചതെന്ന്‌ ഓര്‍ക്കാഞ്ഞതെന്തേ? നീ ഗോപിനെ ടീച്ചറുടെ അടുത്ത്‌ കൊണ്ടാക്ക്‌ നീ ചെയ്ത തെറ്റിന്‌ ഞാന്‌ കാല്‌ പിടിച്ച്‌ മാപ്പ്‌ പറയാം. ഞാന്‍ ഇടയ്ക്ക്‌ കയറി. ഇല്ല ഉമ്മാ ഞാനാണ്‌ തെറ്റ്‌ ചെയ്തത്‌. എനിയ്ക്കായിരുന്നു ഉമ്മയുടെ മകനെ വേണ്ടിയിരുത്‌. വിശ്വാസം വരാതെ എന്റെ കണ്ണില്‍ കുറെ നേരം നോക്കിയിരുന്നു പിന്നെ എന്റെ രണ്ടുകൈകളും കൂട്ടിപിടിച്ച്‌ അമര്‍ത്ത്‌ ചുംബിച്ച്‌ ഉമ്മ

പടികള്‍-3

അമ്മയുടെ സുന്ദരിയല്ലാത്ത ഈ മകളെ മനസ്സിലാക്കിയത്‌ സഹിദ്‌ മാത്രമാണ്‌. പെണ്ണുകാണാന്‍ വരുന്നവര്‍ കുട്ടിയെ ഇഷ്ട്പ്പെട്ടില്ലെന്ന്‌ മുഖത്തുനോക്കി പറഞ്ഞപ്പോള്‍ നൊമ്പരപ്പെട്ട അമ്മയെ ആശ്വസിപ്പിച്ചത്‌ സഹിദാണ്‌. ടീച്ചര്‍ വിഷമിയ്ക്കണ്ട അവര്‍ക്ക്‌ ഗോപിനെ കിട്ടാന്‍ ഭാഗ്യമില്ല അത്രതന്നെ. പിന്നെ പിന്നെ ബാഹ്യസൗന്ദര്യത്തില്‍ മയങ്ങാത്ത സഹിദിനെ ഞാനിഷ്ടപ്പെട്ടു തുടങ്ങി. ആദ്യമൊന്നും അത്‌ തുറന്നുപറയാന്‍ എന്റെ മനസ്സനുവദിച്ചില്ല. സഹിദിന്റെ വീട്ടിലും അവനുവേണ്ടി കല്യാണാലോചനകള്‍ വന്നുകൊണ്ടിരുന്നു. നല്ല സ്ത്രീധനം കൊടുക്കാന്‍ ഒരു പാടുപേര്‍ തയ്യാറായിരുന്നു. സഹിദ്‌ വന്നു പറയും ഗോപീ എന്തോ ഒരാളെയും മനസ്സുകൊണ്ട്‌ ഇഷ്ടപ്പെടാന്‍ പറ്റുന്നില്ല. ദേവരാജന്‍ കളിയാക്കും അല്ലെങ്കിലും പെണ്ണിനെ എന്തിനിഷ്ടപ്പെടണം. സ്ത്രീധനക്കരാര്‍ നോക്കിയാല്‍ പോരേ?
നാലുമാസം മുന്‍പുവരെ ഞങ്ങള്‍ ഇങ്ങിനെ ഒന്നിയ്ക്കുമെന്ന്‌ കരുതിയതേ ഇല്ല. പ്രിയദത്ത കല്യാണം കഴിഞ്ഞ്‌ ഭര്‍ത്താവുമൊത്ത്‌ സൗദിയിലേയ്ക്കും ദേവരാജന്‍ പത്രപ്രവര്‍ത്തനവുമായി ഡല്‍ഹിയിലേക്കും പോയതോടുകൂടി ഞങ്ങള്‍ തനിച്ചായി. കോഫീഹൗസിലെ ചര്‍ച്ചകള്‍ക്ക്‌ ചൂടില്ലാതെയായി. വാഗ്‌വാദങ്ങള്‍ ഇല്ലാതായി . . . .
ഗോപീ ഇറങ്ങൂ വീടെത്തി . . . ഞാനെത്രയോ തവണ വന്ന വീട്‌ . . .എന്നാലും എന്റെ കാലുകള്‍ വിറയ്ക്കുന്നത്‌ എനിയ്ക്കറിയാം. . . . വായ വരണ്ടു. സഹിദിന്റെ ഗ്രാമീണത തുളുമ്പി നിന്ന വീട്‌ ഉമ്മറത്തിണ്ണയില്‍ കയറിയ കോഴിയെ ഓടിച്ചുകൊണ്ട്‌ നനഞ്ഞ കൈ ഉടുത്ത കൈലിയില്‍ തുടച്ച്‌ ഉമ്മ ഓടിവന്ന്‌ കെട്ടിപ്പിടിച്ചു . . .എന്തേ മോളേ ഇക്ക്‌ പറ്റ്യേ? മുഖം വല്ലാണ്ടായല്ലോ . . . ഞാനാമുഖത്തേയ്ക്ക്‌ നിസ്സഹായതയോടെ നോക്കി. ഇനി ഇതറിയുമ്പോള്‍ ഉമ്മ പൊട്ടിത്തെറിയ്ക്കുമോ? അലറിവിളിയ്ക്കുമോ ഒന്നും അറിയില്ല. എന്റെ അമ്മ ഇപ്പോള്‍ അവിടെ എന്തുചെയ്യുന്നുണ്ടാവും? . . . .
മോനെ നേരം ഇരുണ്ടല്ലോ നീ മോളെ കൊണ്ടാക്കുന്നില്ലേ

പടികള്‍-2

 മനസ്സില്‍ സഹിദ്‌ ആണെന്ന കാര്യവും അവര്‍ക്കറിയില്ലായിരുന്നു. പ്രീ-ഡിഗ്രി തൊട്ട്‌ ഒന്നിച്ച്‌ പഠിച്ചവര്‍ ഒരേ കോളേജില്‍ ജോലിയ്ക്കും കയറിയപ്പോള്‍ എല്ലാവരും അഭിനന്ദിച്ചു. സഹിദ്‌ എപ്പോഴും എന്നെക്കാളും മാര്‍ക്കുകള്‍ വാങ്ങിയപ്പോള്‍ അവനെ എന്തുമാത്രം പുകഴ്ത്തിയതാണ്‌ അമ്മ, ആ അമ്മയാണ്‌ ഇന്ന്‌ കേട്ടാല്‍ അറയ്ക്കു വാക്കുകള്‍ സഹിദിനെ പറ്റി പറഞ്ഞത്‌.

പടികള്‍--- കഥ

പടികള്‍ ഇറങ്ങുമ്പോഴും അവളുടെ ഹൃദയം വല്ലാതെ നൊമ്പരപ്പെട്ടിരുന്നു. എന്നിട്ടും സമചിത്തതയോടെ കണ്ണില്‍ നിന്നു ചാലിട്ടൊഴുകിയ കണ്ണീരിനെ വകവയ്ക്കാതെ അവള്‍ ഇറങ്ങി. സഹിദ്‌ താഴെ ഗേറ്റിനരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇലെ വൈകിട്ട്‌ കോഫി ഹൗസില്‍നിന്ന്‌ പിരിയുമ്പോള്‍ എല്ലാം പറഞ്ഞുറപ്പിച്ചിരുന്നു. എന്നിട്ടും അവസാനവാക്കെന്നോണം അവന്‍ പറഞ്ഞു. അമ്മയോട്‌ പറഞ്ഞ്‌ നോക്കണം. ചിലപ്പോള്‍ സമ്മതിച്ചാലോ? അതുണ്ടായില്ലെന്നുമാത്രമല്ല ഞാനിതുവരെ കാണാത്തൊരു
മുഖമാണ്‌ കാണേണ്ടിവന്നത്‌. സ്വന്തം കാര്യം വരുമ്പോള്‍ അമ്മമാര്‍ എത്ര സങ്കുചിതചിന്താഗതിക്കാരാണ്‌ . . . രജിസ്റ്റര്‍ ഓഫീസിലേയ്ക്ക്‌ പോകുമ്പോള്‍ മനസ്സ്‌ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു. തല ചുമരിലിട്ടടിച്ച്‌ പൊട്ടിക്കരഞ്ഞ അമ്മ . . അമ്മ കരയുന്നത്‌ നാളിതുവരെ കണ്ടിട്ടേയുണ്ടായിരുന്നില്ല. എനിയ്ക്കൊരു വയസ്സുതികയുതിനു മുമ്പേ അച്ഛന്‍ മരിച്ചുപോയിരുന്നു. ഹിന്ദുസ്ഥാന്‍ ലിവറില്‍ മാനേജരായിരുന്നു. എല്ലാ സുഖത്തിലും ജീവിച്ച അമ്മ അച്ഛന്റെ മരണത്തോടെ വല്ലാതെ ഒറ്റപ്പെടുകയായിരുന്നു. എന്നിട്ടും തന്റേടത്തോടെ പിടിച്ചുനിന്നു. എന്നേയും ചേച്ചിയേയും നന്നായി പഠിപ്പിച്ചു. സുന്ദരിയായ അമ്മയെ മറ്റൊരു കല്യാണത്തിന്‌ പലരും നിര്‍ബന്ധിച്ചു. അമ്മ സമ്മതിച്ചില്ല. അച്ഛന്റെ മരണത്തിനുശേഷമാണ്‌ അമ്മ ജോലിയ്ക്ക്‌ ശ്രമിച്ചതും, എല്ലാവര്‍ക്കും പ്രിയങ്കരിയായ രാധടീച്ചര്‍ ആയതും.
ഓട്ടോറിക്ഷയില്‍ നിന്ന്‌ ആദ്യം ഇറങ്ങിയത്‌ സഹിദ്‌ ആണ്‌. അവന്‍ ഡ്രൈവര്‍ക്ക്‌ പണമെണ്ണിക്കൊടുക്കുന്നത്‌ തെല്ലൊരാശ്ചര്യത്തോടെ ഞാന്‍ നോക്കി. കാരണം ഓട്ടോറിക്ഷയുടെ പൈസകൊടുക്കാന്‍ എന്നും മാന്യമായി വഴക്കുകൂടുമായിരുന്നു ഞങ്ങള്‍. 11.30തിന്‌ വിവാഹം കഴിഞ്ഞിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍മാത്രമാണ്‌ കൂടെ ഉണ്ടായിരുത്‌. പ്രിയദത്തയുടെ കല്യാണത്തിനുപോയപ്പോള്‍ എല്ലാവരും ചോദിച്ചതേയുള്ളൂ എന്നാണ്‌ ഇങ്ങിനെ അണിഞ്ഞൊരുങ്ങി ഗോപികയെ കാണുകയെന്ന്‌. ഒന്നും പറഞ്ഞില്ല

Friday, July 8, 2011

oru nimisham-kavitha

ഒരു ചകോരത്തിന്റെ മനസ്സുമായി
ചകിതയായി പോയൊരു മനസ്സുമായി
എന്തിനു വന്നുവെന്നറിയില്ല
എന്നു പോവേണ്ടതെന്നറിയില്ല
വഴിപാടുപോലെയീ ജീവിതം
ജീവിച്ചു തീര്‍ക്കുന്നു നമ്മള്‍
ഇനിയുീമെത്രയോ കാതം പോവണം
എങ്കിലുമില്ലൊരല്‍പമേ ദു:ഖം
പാഠങ്ങള്‍ അറിഞ്ഞു തീരുന്നില്ല
കാലങ്ങള്‍ വളര്‍ത്തുന്നു അതിനെ
എന്തൊരു രൂപമാണ് നിങ്ങള്‍ക്കെന്ന്
തൊടിയിലെ പൈക്കിടാവ് ചോദിച്ചേക്കാം
രണ്ടു കാലും നിലത്തൂന്നി
ഞാന്നു കിടക്കുന്ന രണ്ട് കൈകള്‍
വശങ്ങളില്‍ തൂക്കി
എങ്ങോട്ടു പോവുന്നു നിങ്ങള്‍
തെല്ലൊരഹങ്കാരത്തോടെ

Thursday, June 23, 2011

രാധ വിലപിക്കുന്നില്ല...
ഒരുതിരിച്ചറിവിനൊടുവില്‍
രാധതന്‍ മുഖം വിവര്‍ണമായി...
കൃഷ്ണാ നീതന്നെയല്ലേ
ഒരോ വയസ്സിലും എന്റെകൂടെ
ബല്യത്തിലെത്രവികൃതികള്‍കാട്ടി നാം
എന്റെ മഞ്ജാടിക്കുരു നീ കവര്‍ന്നുപോയോ...
അമ്മയൂറ്റും മധുരം നീ കട്ടെടുത്തു പോയോ...
സത്യം;തോന്നിയ തൊട്ടുമില്ലെനിക്കുദേഷ്യം-
കൌമാരത്തിലെന്റെ മനസ്സു നീകവര്‍ന്നപ്പോളും...
അല്ല;അതു ഞാന്‍ നിനക്കായ്‌ സമര്‍പ്പിച്ചതല്ലേ...
ഒന്നും മനസ്സിലാവുന്നില്ലെനിക്കിന്നും
ഒന്നു മാത്രമറിയാം
എനിക്കത്രമേല്‍ പ്രിയം നിന്നെ..!
നീവിട്ടു പോയൊരു രാധയായി
മൌനമായ്‌ ദുഖമൊളിച്ചുവെച്ചു
തോഴിമാരാരുമറിയാതേ
ഘനമെന്റെദുഖം മറച്ചു വെച്ചു
പൂക്കും മരത്തിന്റെ സൌരഭത്തില്‍
ഒഴുകും പുഴതന്റെ പുഞ്ചിരിയില്‍
ഇക്കിളികൂട്ടും കുളിര്‍ തെന്നലില്‍
എവിടെയുമെത്തി കൃഷ്ണാ നീ എന്നില്‍
എന്നുള്ളം കവര്‍ന്നനീ
ലക്ഷ്മിയെ വേട്ടു ഗൃഹസ്ഥനായീ
എങ്കിലും ഈരാധ വിളിക്കുമ്പോളെല്ലാം
ഓടിയണയുന്നതെന്തിനുകൃഷ്ണ നീ?
എന്നറിയുന്നു ഈരാധ-
നീ തന്നെയെന്‍ കൂടെയെന്നും...